Saturday, November 8, 2014

തുട്ടുകളില്ലാത്ത പിച്ചച്ചട്ടികൾ

കുറച്ചു നാൾ മുൻപ് , ഭക്ഷണംകഴിക്കാനായി ഉച്ചയ്ക്ക്  ഓഫീസിൽ നിന്നും പുറത്ത്‌ ഇറങ്ങിയതായിരുന്നു .ഹൊട്ടലിലേക്കു  നടന്ന എന്റെ മുന്നിലേക്ക്‌ മുഷിഞ്ഞു കീറിയ വസ്ത്രങ്ങൾ ഇട്ട ഒരു ചെറിയ പയ്യൻ വന്നിട്ട് എന്തേലും തരണേന്നു തമിഴിൽ പറഞ്ഞു. ഞാൻ അവനെ കണ്ടില്ല  എന്ന മട്ടിൽ എന്റെ വയറിന്റെ വിശപ്പ്‌ ശമിപ്പിക്കാനായി വേഗത്തിൽ നടന്നു .ഇതൊരു പുതിയ കാഴ്ചയൊന്നുമല്ല  ഈ നഗരത്തിൽ. അവൻ എന്റെ പിന്നാലെ തന്നെ നടന്നു കൊണ്ടിരുന്നു.പെട്ടെന്ന് അവൻ  എന്റെ കയ്യിൽ പിടിച്ചിട്ടു എന്തേലും തന്നേ പറ്റൂ ,ഭക്ഷണം കഴിചില്ലാ എന്നൊക്കെ തമിഴിൽ പറഞ്ഞു . എനിക്കെന്തോ ദേഷ്യമാണ് തോന്നിയത്  .ഞാൻ കൈ വിടുവിച്ചിട്ടു അറിയാവുന്ന തമിഴിൽ എന്തോ ചീത്ത പറഞ്ഞിട്ട് ധൃതിയിൽ ഹോട്ടലിൽ കേറി . അവൻ എങ്ങോട്ടോ ഓടി പോയി. ഞാൻ ഓർഡർ ചെയ്ത ഭക്ഷണം എന്റെ മുന്നിലെത്തി.ഞാൻ കഴിക്കാനായി കൈ പ്ലേറ്റിൽ വെച്ചപ്പോൾ ആ പയ്യന്റെ മുഖമാണ് ഓർമ വന്നത് .എന്തോ ഒരു കുറ്റബോധം പോലെ.ആ പയ്യനു എന്തേലും വാങ്ങി കൊടുക്കാമായിരുന്നു എന്ന് തോന്നിയപ്പോളെക്കും ആ പയ്യൻ അവിടെ നിന്നും മറഞ്ഞു കഴിഞ്ഞിരുന്നു . മുൻപൊരിക്കൽ ഇതു പോലെ ഒരു തെരുവ് ബാലൻ കൈ നീട്ടിയപ്പോൾ സഹതാപം തോന്നി അഞ്ചു രൂപയുടെ നാണയ തുട്ടു കൊടുത്ത് പത്തു സെക്കന്റ്‌ കഴിഞ്ഞപ്പോൾ ഒരു കൂട്ടം കൊച്ചു കുട്ടികളുടെ പടയായിരുന്നു കൈ നീട്ടിക്കൊണ്ടു 'സാർ'  എന്ന വിളിയുമായി പുറകെ കൂടിയത്.അന്ന് അവരുടെ ഇടയിൽ നിന്നും രക്ഷപെട്ടത്  ബുദ്ധിമുട്ടിയായിരുന്നു .അതിനു ശേഷം ഇവരെ കണ്ടാൽ ഞാൻ ആദ്യമേ തന്നെ ഒഴിവാക്കാനാണ് ശ്രമിച്ചിരുന്നത്.

അന്നത്തെ കുറ്റബോധം കുറച്ചു നാൾ  മനസ്സിൽ കിടക്കുന്നുണ്ടായിരുന്നു .അത് കൊണ്ടാകണം ആ സംഭവത്തിനു ശേഷം മറ്റൊരിക്കൽ രണ്ടു കുട്ടികൾ എന്റെ  മുന്നിലേക്ക്‌ കൈ നീട്ടിയിട്ട്‌ ഇന്നേ ദിവസം ഭക്ഷണം ഒന്നും കഴിച്ചില്ല എന്നു പറഞ്ഞപ്പോൾ ഞാൻ അവരെയും കൂട്ടി ദിവസേന പോകുന്ന ഹോട്ടലിൽ പോയി അവർക്കും കൂടി പാർസൽ ഭക്ഷണം വാങ്ങി കൊടുത്തത് .പക്ഷേ അന്നെനിക്കു തോന്നിയത് ഭക്ഷണം കിട്ടിയിട്ടും അവർ അത്രത്തോളം സന്തുഷ്ടരല്ല എന്നാണ് .എങ്കിലും ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുക്കാൻ കഴിഞ്ഞല്ലോ എന്നോർത്ത് കൊണ്ട് ഞാൻ എന്റെ ലോകത്തേക്കു പോയി .

വെള്ളിയാഴ്ച തോറും ജുമുഅ നമസ്കരിക്കാൻ പള്ളിയിൽ പോയി തിരിച്ചു ഇറങ്ങുമ്പോൾ, പള്ളിയുടെ വെളിയിലായി  കുറേ പേർ നമ്മുടെ മുന്നിലേക്ക്‌ കൈ നീട്ടി നിൽക്കുന്നത് സ്ഥിരം കാഴ്ചയാണ് .എല്ലാ പേരുടെ മുഖത്തിലും ഒരു ദയനീയ ഭാവവും ഉണ്ടാകും.മിക്കപ്പോളും വിഷമം തോന്നും.ഒരു സെക്കന്റ്‌ നേരത്തെ വിഷമവും കഴിഞ്ഞു നമുക്ക് ദൈവം നല്കിയ ജീവിതത്തിനു നന്ദിയും പറഞ്ഞു സമയം ഒട്ടുമില്ലാത്ത നമ്മുടെ ലോകത്തേക്ക് നമ്മൾ ഊളിയിടും.ഇതാണ് പതിവ്.എങ്കിലും ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട് ഇതിനെന്തെങ്കിലും പരിഹാരമുണ്ടോയെന്നു?എന്ത് പരിഹാരം .അല്ലേലും നമ്മളു മാത്രമായിട്ടു വിചാരിച്ചിട്ടു ഈ ലോകത്തെ നന്നാക്കാനൊന്നും പറ്റില്ലെന്നുള്ള  'ഒരു  സാധാരണക്കാരന്റെ ഭയം നിറഞ്ഞ ചിന്ത' 'വേറെന്തെങ്കിലും ആലോചിച്ചൂടെ' എന്നുള്ള വള്ളിയിൽ പിടിച്ചു വേറെങ്ങോട്ടെങ്കിലുംമനസിനെ  കൊണ്ടു പോകും .


'സ്ല൦ ഡോഗ് മില്യണയർ  '  സിനിമ പുറത്തിറങ്ങിയപ്പോൾ അമിതാഭ് ബച്ചൻ അടക്കമുള്ള പലരും ഇന്ത്യയുടെ  യഥാർത്ഥ മുഖമല്ല സിനിമ അനാവരണം ചെയ്തിരിക്കുന്നതെന്നു വാദിച്ചിരുന്നു .വികസിത രാജ്യങ്ങൾ എന്നും ഇന്ത്യയുടെ ദാരിദ്ര്യം മാത്രമേ കാണുന്നുള്ളൂ എന്നുള്ള ആരോപണങ്ങളും ധാരാളമായിരുന്നു.ആ ആരോപണങ്ങളുടെ കഴമ്പൊന്നും അന്വേഷിക്കാനറിയില്ല .എങ്കിലും ഒരു സാധാരണ പൗരൻ എന്നുള്ള രീതിയിൽ ആ സിനിമയിൽ കാണിച്ചിരിക്കുന്ന പോലുള്ള സ്ഥലങ്ങളും കാര്യങ്ങളും നമ്മുടെ ഇന്ത്യ മഹാരാജ്യത്ത്‌ കാണാൻ കഴിയും എന്ന് നിസ്സംശയം പറയാ൦ .ആ സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞു .ഇന്ത്യയുടെ സാമ്പത്തിക രംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപാട് മാറ്റങ്ങൾ വന്നു കഴിഞ്ഞു .പക്ഷേ നമ്മുടെ മെട്രോകളിലും സിറ്റികളിലും ചെറിയ ടൌണ്കളിലും എന്തിനു  ഗ്രാമപ്രദേശത്ത് വരെ ഇന്നും യാചകർ ഒരു മാറ്റവുമില്ലാതെ ഉണ്ട്.

യാചകർ !!!! അതെ യാചകർ തന്നെ.അവർ എങ്ങനെയാകും യാചകരായത് .മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടുന്നതിനു ദുരഭിമാനം സമ്മതിക്കാത്തവരാണ് ഭൂരിഭാഗം ഭാരതജനത  എന്ന് ഞാൻ വിശ്വസിക്കുന്നു.എന്നിട്ടും എന്തേ?????നമ്മുടെ രാജ്യത്ത് ഇത്രയേറെ യാചകർ.നമുക്കെന്താണ് ചെയ്യാൻ കഴിയുക?സർക്കാറിനു എന്താണു ചെയ്യാൻ കഴിയുക? 

ആദ്യം അവരെ ഐഡന്റിഫൈ ചെയ്യുക എന്നുള്ളതാണ്.വിശേഷ ദിവസങ്ങളിൽ അമ്പലങ്ങളുടെ മുന്നിലും ഞായറാഴ്ച ക്രിസ്ത്യൻ പള്ളികളുടെ മുന്നിലും വെള്ളിയാഴ്ച മുസ്ലിം പള്ളികളുടെ മുന്നിലും ചുരുക്കത്തിൽ ആളുകൾ കൂടുന്നിടത്തെല്ലാം അവർ ഉണ്ടാകും.സർക്കാർ ബജറ്റിൽ അവരുടെ പുനരധിവാസത്തിന് ഫണ്ട്‌ വകയിരുത്തുകയും വ്യക്തമായ പ്ലാൻ തയാറാക്കുകയും വേണം.ബ്യൂറോക്രസിയെയും  ഖദറിനെയും പിച്ചച്ചട്ടിയിൽ  കയ്യിടാൻ അനുവദിക്കാതെ തുക മുഴുവനായും ഈ ലക്ഷ്യത്തിനായി ഉപയോഗിച്ചെന്നു മോണിറ്റർ ചെയ്യാനുള്ള സംവിധാനവും സർക്കാർ ചെയ്യണം.

പലപ്പോഴും യാചകരുടെ കയ്യിൽ ചെറിയ കുട്ടികളെയും കാണാറുണ്ട് .ആ കുട്ടികളൊക്കെ അവരുടേത് തന്നാണോ എന്ന് പോലും ആർക്കും തീർച്ചയില്ല .ഇത്തരക്കാരുടെ പിന്നിലൊക്കെ 'ഗ്യാങ്ങ്' എന്നോ 'മാഫിയ' എന്നോ  വിളിക്കാൻ പറ്റുന്ന സ൦ഘങ്ങളൊക്കെ മിക്കവാറും കാണാൻ സാധ്യത ഉണ്ട് .അത് കൊണ്ടു തന്നെ പോലീസ് ഡിപ്പാർറ്റ്മെന്റിനും  ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടാകും .യാചകരുടെ പുനരധിവാസത്തോടൊപ്പം തന്നെ ചെറിയ കുട്ടികളുടെ വിദ്യാഭ്യാസവും നോക്കേണ്ടതുണ്ട്.പുതിയ സർക്കാരിനു തെരഞ്ഞെടുപ്പു കാലത്തെ വാഗ്ദാനങ്ങളൊക്കെ നിറവേറ്റാൻ ശ്രമിക്കുന്നതായെങ്കിലും ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് .അത് കൊണ്ട് തന്നെ ശക്തമായ തീരുമാനങ്ങൾ ഈ വിഷയത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

അവസാനമായി  ഒരു 'വ്യക്തി'ക്കു  ഈ വിഷയത്തിൽ എന്തു ചെയ്യാൻ കഴിയുമെന്നതാണ് .ചിലപ്പോഴെങ്കിലും മനസ്സിന് വിഷമം തോന്നി ഒന്നോ രണ്ടോ രൂപ തുട്ടുകൾ ഞാനും നിങ്ങളും അവരുടെ പാത്രത്തിലേക്ക് ഇടുമായിരിക്കും.പക്ഷേ അത് കൊണ്ടു വലിയ പ്രയോജനം ഒന്നുമില്ല എന്നുള്ളതല്ലേ വാസ്തവം!എല്ലാം സർക്കാർ ചെയ്തു കൊള്ളും  എന്നു ചിന്തിക്കുന്ന ഒരു ജനതയിൽ നിന്നും നമ്മൾ മാറേണ്ടതില്ലേ ?ശരിയാണ്.നമുക്ക് ചെയ്യാവുന്നതിന് പരിമിതികളുണ്ട്.അവരുടെ വിശപ്പടക്കാൻ ഭക്ഷണമായിട്ടു തന്നെ കൊടുക്കുന്നതിൽ നിന്നു  തുടങ്ങി (അത് ചെയ്യുന്ന ഒരുപാടധികം പേർ ഇന്നു നമ്മുടെ ഇടയിലുന്ടെന്നു കാണാൻ കഴിയും) നമുക്ക് പറ്റുന്ന രീതിയിൽ പണമായിട്ടല്ലാതെ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ നമുക്കും ശ്രമിച്ചു കൂടെ?ഒപ്പം ഇവരുടെ കൂട്ടത്തിൽ അറിയാതെ  പെട്ടു പോയവരെ കണ്ടെത്താൻ നമുക്കും എന്തേലും ചെയ്തു കൂടെ ?

ചുംബനത്തിനു കൂട്ടായ്മ ,സദാചാരത്തിന് കൂട്ടായ്മ ,എന്തിനും ഏതിനും കൂട്ടായ്മ ഉള്ള ഈയൊരു കാലഘട്ടത്തിൽ; ഈയൊരു വിഷയത്തിൽ ഒരു വലിയ കൂട്ടായ്മ വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.ഒപ്പം അതിൽ പങ്കാളിയാകാനും.അങ്ങനെയെങ്കിൽ നാളെ ദേശീയ വരുമാനത്തിന്റെ കണക്കെടുക്കുമ്പോൾ പരിവർത്തനം ചെയ്യപ്പെട്ട യാചക സമൂഹത്തിന്റെ  സേവനങ്ങളും അതിൽ ഉൾപെട്ടേക്കാം.ഒപ്പം അമിതാഭ് ബച്ചനെപ്പോലെയുള്ളവർക്ക്  അഭിമാനത്തോടെ പറയാൻ സാധിക്കും  എന്റെ ഭാരതത്തിൽ യാചകരെ ഇല്ലായെന്ന് .......................